Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar
Al manar
Al manar
Al manar

20-04-2019
15 شعبان 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2019 BOOK 64-65 ISSUE

നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌

-ഡോ. എ.ഐ അബ്‌ദുല്‍മജീദ്‌ സ്വലാഹി ഭൗതികവും ആത്മീയവുമായ പതിതാവസ്ഥയില്‍ നിന്ന്‌ മലയാളി മുസ്‌ലിംകളെ അഭിമാനകരമായ അസ്‌തിത്വത്തിലേക്ക്‌ വളര്‍ത്തിയെടുക്കാന്‍ പാടുപെട്ട പ്രസ്ഥാനമാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം സത്യസന്‌ധമായി വിശകലനം ചെയ്യുമ്പോള്‍ 1912- ല്‍ നിര്യാതനായ മക്തിതങ്ങളിലേക്കാണ്‌ നമ്മുടെ മനസ്സ്‌ പാഞ്ഞെത്തുന്നത്‌. ജ്ഞാനം കൊണ്ട്‌ പൊരുതിയ പരിഷ്‌കര്‍ത്താവാണ്‌ മക്തിതങ്ങള്‍. കലാപങ്ങള്‍ കൊണ്ടല്ല. ആധുനിക വിദ്യാഭ്യാസമാണ്‌ അതിജീവനത്തിന്റെ മാര്‍ഗമെന്ന്‌ പ്രചരിപ്പിച്ച മക്തിതങ്ങള്‍ പൗരോഹിത്യം തീര്‍ത്ത ഇരുളിനെ വകഞ്ഞ്‌മാറ്റാനുള്ള കരുത്താണ്‌ മുസ്‌ലിം സമൂഹത്തിന്‌ പകര്‍ന്നു നല്‍കിയത്‌. ഒരു ഭാഗത്ത്‌ ഇസ്‌ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അധിനിവേശകര്‍, മറുഭാഗത്ത്‌ ഇസ്‌ലാമിനെ പരിഹസിക്കുന്ന മുസ്‌ലിംപൗരോഹിത്യവും. ഇപ്രകാരം അപമാനിതരായ മുസ്‌ലിംകള്‍ ചരിത്രത്തില്‍ നിറച്ച നൈരാശ്യങ്ങളെ ജ്ഞാനംകൊണ്ടും ദൈവിക ഗ്രന്ഥംകൊണ്ടും ചികിത്സിച്ചു ഭേദമാക്കാനാണ്‌ മക്തിതങ്ങള്‍ ജീവിതം ഉഴിഞ്ഞുവെച്ചത്‌. ഭൂതകാല യാഥാസ്‌തിതികത്വത്തിലുള്ള ഉറച്ചുനില്‌പിനെതിരെ ഇസ്‌ലാമിന്റെ അനന്യത ബോധ്യപ്പെടുത്തികൊണ്ടാണ്‌ മക്തിതങ്ങള്‍ പോരാടിയത്‌. പ്രമാണങ്ങള്‍ വിട്ട്‌ പുരോഹിതരെ പിന്തുടര്‍ന്നിരുന്നവരെ മക്തിതങ്ങള്‍ പ്രമാണങ്ങളിലേക്ക്‌ ക്ഷണിച്ചു. പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലേക്ക്‌ രക്ഷിച്ചെടുക്കാന്‍ സ്വന്തം സ്വത്ത്‌ വിറ്റു സാമൂഹ്യപ്രവര്‍ത്തനം നടത്തിയ വക്കം മൗലവിയെ കേരളമുസ്‌ലിംകള്‍ക്ക്‌ മറക്കാനാവുമോ. രാമകൃഷ്‌ണപിള്ളയെ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയാക്കി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ വക്കംമൗലവി മലയാളമാധ്യമങ്ങള്‍ക്ക്‌ ധാര്‍മികതയുടെ, നിഷ്‌പക്ഷതയുടെ അനന്യമാതൃക കാണിച്ച നവോത്ഥാനനായകനാണ്‌. കേരള മുസ്‌ലിം നവോത്ഥാനനായകരായ മക്തിതങ്ങള്‍, വക്കം അബ്‌ദുല്‍ക്വാദിര്‍ മൗലവി, കെ.എം മൗലവി, ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി, കെ.എം സീതി സാഹിബ്‌, ഇ. മൊയ്‌തുമൗലവി, ഹമദാനി തങ്ങള്‍ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ തുടങ്ങിയ വീരപുത്രന്‍മാര്‍ ബൗദ്ധിക നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനമാണ്‌ കെ. എന്‍. എം. മലയാളി മുസ്‌ലിംകളുടെ മത- സാമൂഹിക- വിദ്യാഭ്യാസ - രാഷ്‌ട്രീയ രംഗങ്ങളിലെ അഭിമാനകരമായ വളര്‍ച്ചക്ക്‌ മണ്ണൊരുക്കിയ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ കൈവഴിയായി രൂപപ്പെട്ട പ്രസ്ഥാനമാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. ഓരംചേര്‍ക്കപ്പെട്ട മലയാളി മുസ്‌ലിംകളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും ഉണര്‍വ്വിനും വിശ്വാസ ശാക്തീകരണത്തിലൂടെയുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ്‌ ഉണ്ടാവേണ്ടതെന്ന്‌ ഐക്യസംഘത്തിന്റെ നേതാക്കള്‍ ചിന്തിച്ചു. മുസ്‌ലിം സമൂഹത്തിന്റെ പരാജയത്തിന്‌ കാരണം വിശ്വാസവൈകൃതങ്ങളിലെ ഉറച്ചുനില്‍പ്പാണെന്ന്‌ ആ നേതാക്കള്‍ക്ക്‌ അറിയാമായിരുന്നു. ഇസ്‌ലാമിന്റെ സൈദ്ധാന്തികാടിത്തറയായ തൗഹീദില്‍ നിന്ന്‌ വ്യതിചലിച്ചു ശവകുടീരാരാധനയിലും പൈശാചിക സേവകളിലും ക്ഷുദ്രചികിത്സകളിലും ആത്മനിര്‍വൃതി കണ്ടെത്തിയ മുസ്‌ലിം സമൂഹത്തെ ഏകദൈവാരാധനയിലേക്ക്‌ ക്ഷണിക്കുകയായിരുന്നു നവോത്ഥാന നായകര്‍. പൗരോഹിത്യം തീര്‍ത്ത ഭീതിയിലായിരുന്നു പാമര ജനത. ജിന്നിന്റെയും പിശാചിന്റെയും ഒടിയന്മാരുടെയും റൂഹാനികളുടെയും ഇല്ലാകഥകള്‍ പ്രചരിപ്പിച്ചു കിടന്നുറങ്ങാന്‍ പേടിക്കുന്ന മനുഷ്യരെ സൃഷ്‌ടിക്കാനാണ്‌ പുരോഹിതര്‍ക്ക്‌ സാധിച്ചത്‌. മാലപ്പാട്ട്‌, കുപ്പിപ്പാട്ട്‌, പക്ഷിപ്പാട്ട്‌... അതിനപ്പുറം പോയിരുന്നില്ല ജനങ്ങളുടെ മതപരമായ അറിവ്‌. ശെയ്‌ത്വാന്‍ കൂക്കും മന്ത്രവാദികളുടെ വിളയാട്ടവും വ്യാപകമായിരുന്നു. ഹോമവും മന്ത്രവും കൂടോത്രവുമെല്ലാം വന്‍പ്രചാരം നേടിയിരുന്നു. രോഗം വന്നാല്‍ ആധുനികചികിത്സ സ്വീകരിച്ചില്ല. ദുര്‍മന്ത്രവാദികളുടെ പീഢനമേറ്റു മരിക്കുന്നവരുടെ എണ്ണം പേടിപ്പെടുത്തുന്നതായിരുന്നു. അറിവുണ്ടെന്ന്‌ നടിക്കുന്നവര്‍തന്നെ മദ്‌ഹബീ പക്ഷപാതിത്വത്തിന്റെ തടവറയിലായിരുന്നു. അക്ഷരങ്ങളോടും അക്ഷരമുറ്റത്തോടും തുറന്ന യുദ്ധത്തിലായിരുന്നു മലയാളി മുസ്‌ലിംകള്‍. സമൂഹത്തിന്റെ പാതിയായ സ്‌ത്രീകള്‍ക്ക്‌ പള്ളിയും പള്ളിക്കൂടവും പുരോഹിതര്‍ വിലക്കി. ജനനം, വിവാഹം, മരണം എന്നീ അവസരങ്ങളില്‍ മതവാണിഭക്കാര്‍ അഴിഞ്ഞാടി. ദുരാചാരാങ്ങളും ചീത്ത കീഴ്‌വഴക്കങ്ങളും സാധുക്കളുടെ മുതുകൊടിച്ചിരുന്നു. കുടുംബജീവിതത്തിന്റെ പവിത്രതയറിയില്ലായിരുന്നു. സ്‌ത്രീധനമെന്ന ദുരാചാരത്തിന്‌ മതത്തിന്റെ പിന്‍ബലം പോലും നല്‍കുന്ന പുരോഹിതരുണ്ടായിരുന്നു. കണ്ണോക്കും, നാല്‌പതും ആണ്ടും ക്വബ്‌റോത്തുമായി പുരോഹിത വര്‍ഗ്ഗം മരണവീടിനെ പിഴിഞ്ഞിരുന്ന കാലഘട്ടം. പെണ്ണ്‌ പഠിക്കേണ്ടതില്ലെന്നും പഠിച്ചാല്‍ പിഴക്കുമെന്നുമായിരുന്നു പൊതുവെയുള്ള ധാരണ. മദ്‌റസവിരോധം യതീംഖാനവിരോധം, സ്‌കൂള്‍വിരോധം, എന്നിവയെല്ലാം പുരോഹിതര്‍ പാമര ജനതയുടെ തലച്ചോറിലേക്ക്‌ കുത്തിക്കയറ്റിയിരുന്നു. ധനാഢ്യര്‍ സകാത്ത്‌ നല്‍കിയിരുന്നില്ല. പാവങ്ങളെ പരമാവധി ചൂഷണം ചെയ്‌തിരുന്നു ഈ ജന്മിമാര്‍. ഇത്തരമൊരു ഇരുണ്ട കാലത്തെയാണ്‌ മുജാഹിദ്‌ പ്രസ്ഥാനം ശക്തമായ ബോധവത്‌ക്കരണത്തിലൂടെ മാറ്റിയെടുത്തത്‌. പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ അവനോട്‌ മാത്രമേ സഹായം തേടാവൂ എന്ന തൗഹീദിന്റെ അചഞ്ചല സന്ദേശം മനുഷ്യരെ കേള്‍പ്പിച്ചത്‌ ഈ പ്രസ്ഥാനമാണ്‌. സാമ്പ്രദായികതയിലും അന്ധമായ അനുകരണത്തിലും അള്ളിപ്പിടിച്ചിരിക്കുന്ന ഒരു സമൂഹത്തെ മുഹമ്മദ്‌ നബി(സ്വ)യുടെ സുന്നത്തിലേക്ക്‌ ഉണര്‍ത്തിയത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്ന്‌ അതിന്റെ എതിരാളികള്‍ പോലും അംഗീകരിക്കും. മുഹമ്മദ്‌ നബി(സ്വ)യെ പിന്‍പറ്റാതെ കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലെന്ന ബോധം ജനങ്ങള്‍ക്കുണ്ടായി. ഏത്‌ കര്‍മ്മത്തിലും നമ്മുടെ മാതൃക മുഹമ്മദ്‌ നബി(സ്വ)യാണ്‌. വിശ്വാസം, കര്‍മ്മം, സ്വഭാവം, സംസ്‌കാരം എന്നിവയില്‍ കിടയറ്റ മാതൃകയാണ്‌ മുഹമ്മദ്‌ നബി(സ്വ) മാനുഷ്യകത്തിന്‌ നല്‍കിയത്‌. മഹത്തായ സ്വഭാവത്തിന്റെ ഉടമയായിരുന്നു അവിടുന്ന്‌. കാരുണ്യം, വിട്ടുവീഴ്‌ച, നീതി എന്നിവയില്‍ മുഹമ്മദ്‌ നബി(സ്വ)യുടെ മാതൃക മഹനീയമാണ്‌. എന്നിട്ടും മുഹമ്മദ്‌ നബി(സ്വ)യെ നിന്ദിക്കുന്നവര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌ ഇസ്‌ലാമിന്റെ പ്രയാണത്തിനും പ്രചാരണത്തിനും തടയിടുകയെന്നതാണ.്‌ മുസ്‌ലിംകളെ വികാരം കൊള്ളിച്ചു അവിവേകത്തിന്റെ വഴിയിലേക്ക്‌ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ അവര്‍ അര്‍ഹിക്കുന്ന നിന്ദയോടെ കാണുക. പ്രവാചകന്റെ തിരുശേഷിപ്പുകളുടെ പേരില്‍ കേശവാണിഭം നടത്തുന്നവരും യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌ നബിനിന്ദയാണ്‌. മുഹമ്മദ്‌ നബി(സ്വ)യോടുള്ള സ്‌നേഹം പറഞ്ഞു മതവാണിഭം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ്‌ മുജാഹിദ്‌ പ്രസ്ഥാനം എന്നും സ്വീകരിച്ചിട്ടുള്ളത്‌. മതത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ ദിനംപ്രതി പെരുകുകയാണ്‌. ആയിരങ്ങളാണ്‌ മതചൂഷകരുടെ കെണിയിലകപ്പെടുന്നത്‌. ശവകുടീരപുജ എങ്ങും വ്യാപകമാണ്‌. നേര്‍ച്ചകളും ചന്ദനക്കുടങ്ങളും ദിക്‌റ്‌ ഹല്‍ഖകളും സ്വലാത്ത്‌ മേളകളും മലയാളികളുടെ സ്വാസ്ഥ്യം കെടുത്തുകയാണ്‌. അറബി മാന്ത്രികം, ഹൈക്കലുസ്സിഹാം, അറബി ജ്യോതിഷം, ക്വുര്‍ആന്‍ തെറാപ്പി, ഇസ്‌ലാമിക കൗണ്‍സലിംഗ്‌ എന്നൊക്കെ പേരിട്ട്‌ മതചൂഷകര്‍ നടത്തുന്ന തട്ടിപ്പുകള്‍ നിത്യേനെയെന്നോണം നാം കേള്‍ക്കുന്നു. പൈശാചിക സേവകളും ചികിത്സകളും ആധുനികതയുടെ മറപിടിച്ചും മതസൂക്ഷ്‌മതയുടെ ലേബലിലും പലരും പ്രചരിപ്പിക്കുന്നുണ്ട്‌. നവോത്ഥാന കേരളം പറിച്ചെറിഞ്ഞ വിശ്വാസവൈകൃതങ്ങളും ദുരാചാരങ്ങളും പൈശാചികതകളും വീണ്ടും പുതിയ വേഷത്തിലും ഭാവത്തിലും അരങ്ങിലെത്തുമ്പോള്‍ നോക്കി നില്‍ക്കാന്‍ നവോത്ഥാന പ്രസ്ഥാനമായ മുജാഹിദുകള്‍ക്കാവില്ല. നവോത്ഥാന നായകര്‍ നല്‍കിയ വെളിച്ചം പുതുതലമുറകള്‍ക്ക്‌ നല്‍കാന്‍ സമൂഹത്തിലെ വിവേകമതികളുടെ കൂട്ടായ യത്‌നം ആവിശ്യമാണെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം വിശ്വസിക്കുന്നു. സമൂഹത്തില്‍ പടരുന്ന തിന്മകള്‍, മുസ്‌ലിം സമൂഹം വിദ്യാഭ്യാസ-സാമൂഹിക-രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം നേടിയ തിളക്കമാര്‍ന്ന നേട്ടത്തെ മറച്ചുകളയുന്നതാണ്‌. മദ്യം, മയക്കുമരുന്ന്‌, കൊല, കൊള്ള, വ്യഭിചാരം, സ്‌ത്രീപീഢനം എന്നീ സാമൂഹ്യ തിന്മകളിലെല്ലാം ഞെട്ടിക്കുന്ന പ്രാതിനിധ്യമാണ്‌ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക്‌. മതപഠനവും ഉദ്‌ബോധനവും സമൂഹത്തെ കൂടുതല്‍ സ്വാധീനിക്കണം. അതിനുള്ള മാര്‍ഗ്ഗത്തെ കുറിച്ച്‌ ചിന്തിക്കാന്‍ സമൂഹത്തിന്റെ അപചയം ഇന്നത്തെ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്‌. മതത്തിന്റെ മറവില്‍ തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്നതിനെതിരെ ധീരമായ നിലാപാടെടുത്ത പ്രസ്ഥാനമാണ്‌ കേരള നദ്‌വത്തുല്‍മുജാഹിദീന്‍. മലയാളി മുസ്‌ലികള്‍ നിര്‍ഭയത്വത്തോടെ കേരളക്കരയില്‍ ജീവിക്കുന്നതിന്റെ പിന്നില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ദീര്‍ഘവീക്ഷണവും ധീരമായ നിലപാടും തെളിഞ്ഞു കാണാനാവും. മതരാഷ്‌ട്രവാദത്തിന്റെ വിത്ത്‌ പാകാന്‍ ശ്രമിച്ചവരെ പിടിച്ചു കെട്ടിയത്‌ മുജാഹിദ്‌ പ്രസാഥാനമാണ്‌. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ ബാധ്യതയെന്തെന്ന്‌ ബോദ്ധ്യപ്പെടുത്തുന്നതില്‍ പ്രസ്ഥാനത്തിന്‌ വിജയിക്കാനായി. മതേതരത്വവും ജനാധിപത്യവും തകര്‍ന്നാല്‍ ഈ രാജ്യത്തിന്റെ ഭദ്രത തകരുമെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം മനസിലാക്കി. ജനാധിപത്ത്യത്തിനും മതേതരത്വത്തിനും സംഭവിക്കുന്ന ചെറിയ പോറല്‍ പോലും ബഹുസ്വരതയെ തകര്‍ക്കുമെന്ന്‌ പക്വമതികളായ നേതാക്കള്‍ക്ക്‌ അറിയാമായിരുന്നു. സാമുദായിക ഐക്യത്തിന്റെയും മനുഷ്യസൗഹാര്‍ദ്ദത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ മലയാളക്കരയ്‌ക്ക്‌ പകര്‍ന്നു നല്‍കിയ പ്രസ്ഥാനമാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടണമെന്ന പാഠമാണ്‌ നവോത്ഥാനനായകര്‍ നല്‍കിയത്‌. വര്‍ഗീയതയും സാമുദായികധ്രുവീകരണവും ഒരു പ്രബോധകസംഘത്തിന്റെ മുന്‍പില്‍ ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പക്വമതികളായ പണ്ഡിതര്‍ തിരിച്ചറിഞ്ഞിരുന്നു. സാമൂഹികബന്ധങ്ങളുടെ ഊഷ്‌മളത നഷ്‌ടപ്പെടരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ മുജാഹിദുകള്‍. സ്വന്തം ആദര്‍ശത്തിന്റെ മഹിമ കാത്തു സൂക്ഷിക്കുന്നതോടൊപ്പം മനുഷ്യസൗഹാര്‍ദ്ദത്തിന്റെ വിശാലമായ തലങ്ങളെ പരിഗണിക്കുന്ന പാരമ്പര്യമാണ്‌ മുജാഹിദ്‌പ്രസ്ഥാനം എന്നും സൂക്ഷിച്ചിട്ടുള്ളത്‌. ഇസ്‌ലാമിനെ അറിയാന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ബാധ്യതയുണ്ടെന്ന്‌ മുജാഹിദ്‌പ്രസ്ഥാനം മനസ്സിലാക്കുന്നു. മനുഷ്യ വിമോചനത്തിന്റെ മഹാ സന്ദേശമാണ്‌ ഇസ്‌ലാം. ഇസ്‌ലാമികദര്‍ശനത്തിന്റെ കരുത്തുകൊണ്ടും പ്രായോഗികതകൊണ്ടുമാണ്‌ ഇത്രമേല്‍ ഇസ്‌ലാം അതിരുകള്‍ ഭേദിച്ചു പടരുന്നത്‌. മതത്തെക്കുറിച്ചുള്ള ശരിയായ ധാരണയില്ലായ്‌മയോ, മതത്തെ തെറ്റിദ്ധരിക്കുന്നതോ ആണ്‌ മതസ്‌പര്‍ധകള്‍ക്ക്‌ കാരണമാകുന്നത്‌. ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ വായിക്കാന്‍ മുജാഹിദ്‌ പ്രസ്ഥാനം മുഴുവന്‍ മനുഷ്യരെയും നിരന്തരം ക്ഷണിക്കുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന്‌ വഴിയൊരുക്കിയത്‌ ക്വുര്‍ആന്‍ പഠനമാണ്‌. സാമ്പ്രദായികതയുടെ സര്‍വ്വ കുരുക്കുകളും തകര്‍ത്ത്‌ ഒരു ജനതയ്‌ക്ക്‌ വെളിച്ചെത്തിലേക്ക്‌ വരാന്‍ പാതയൊരുക്കിയ നവോത്ഥാനനായകരുടെ പ്രമാണം ക്വുര്‍ആനും അതിന്റെ പ്രായോഗിക വിശദീകരണമായ സുന്നത്തുമായരുന്നു. കാലങ്ങളെ അതിജയിക്കാനുള്ള കരുത്ത്‌ ക്വുര്‍ആനിനുണ്ടെന്ന്‌ തിരിച്ചറിയുന്ന ജ്ഞാനികളും പണ്ഡിതരും ചരിത്രകാരന്മാരും സാമ്പത്തിക വിദഗ്‌ധരും സാഹിത്യസാമ്രാട്ടുകളും സ്‌പോര്‍ട്ട്‌ സ്റ്റാറുകളും വെള്ളിത്തിരയിലെ നക്ഷത്രങ്ങളും ഇസ്‌ലാമിന്റെ രാജപാതയിലേക്ക്‌ കടന്നു വരുന്ന കാഴ്‌ച്ചകളാണ്‌ എങ്ങും. ക്വുര്‍ആന്‍ കത്തിച്ചത്‌ കൊണ്ടോ കത്തിക്കുമെന്ന്‌ ഭീഷണി മുഴക്കിയത്‌കൊണ്ടോ ക്വുര്‍ആന്‍ ആകര്‍ഷിക്കുന്നവരെ തടയാനാവില്ല. പതിനായിരങ്ങള്‍ ഹൃദിസ്ഥമാക്കിയ ഈ ദൈവിക വേദഗ്രന്ഥം ഹൃദയഭിത്തിയില്‍ നിന്നും മുസ്‌ലിംകളുടെ ജീവിതത്തില്‍ നിന്നും പറിച്ചെറിയാന്‍ വിരോധികള്‍ക്ക്‌ സാധ്യമല്ല. വിശുദ്ധ ക്വുര്‍ആന്‍ എന്ത്‌ കൊണ്ട്‌ ഇത്രമേല്‍ മനുഷ്യരെ സ്വാധീനിക്കുന്നുവെന്നാണ്‌ നിഷ്‌പക്ഷമതികള്‍ ആഴത്തില്‍ ആലോചിക്കേണ്ടത്‌. മലയാളികള്‍ താമസിക്കുന്നിടങ്ങളിലെല്ലാം ആഴത്തില്‍ വേരുകളുള്ള പ്രസ്ഥാനമാണ്‌ കെ. എന്‍.എം. കേരളത്തിലെ ഒന്നാമത്തെ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമാ പോഷക സംഘടനകളായ ഐ.എസ്‌.എം, എം.എസ്‌.എം, എം.ജി.എം തുടങ്ങിയവയുടെ പാങ്കാളിത്തത്തോടെ കെ.എന്‍.എം എന്ന ബഹുജനപ്രസ്ഥാനം മത-സാമൂഹിക-വിദ്യാഭ്യാസ- രാഷ്‌ട്രീയ രംഗത്ത്‌ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രകാശവും ആര്‍ദ്രതയും ഉള്‍ക്കൊള്ളുകയും അനുഭവിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരുണ്ട്‌ മലയാള മണ്ണില്‍. അനാഥകളടെയും അഗതികളുടെയും സംരക്ഷണം നന്‍മയുടെ പക്ഷത്ത്‌ നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം തിരിച്ചറിയുന്നു. അനാഥ മന്ദിരങ്ങള്‍ സ്ഥാപിച്ചു കേരള മുസ്‌ലിംകള്‍ക്ക്‌ അനാഥ സംരക്ഷണത്തിന്റെ മഹിതമാതൃക കാണിച്ചത്‌ മുജാഹിദ്‌ പ്രസ്ഥാനമാണ്‌. കേരളത്തിലെ പ്രശസ്‌തമായ അനാഥമന്ദിരങ്ങളുടെയെല്ലാം ശില്‌പികള്‍ നവോത്ഥാന നായകരായിരുന്നു. അന്തിയുറങ്ങാന്‍ ഇടമില്ലാത്തവന്റെ വേദനയറിയുന്ന മുജാഹിദ്‌ പ്രസ്ഥാനം സുമനസ്സുകളുടെ സഹായത്തോടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ നൂറുകണക്കിന്‌ വീടുകളാണ്‌ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്‌. കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പ്രശസ്‌തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ നവോത്ഥാന നായകരുടെ വിയര്‍പ്പ്‌ കണങ്ങള്‍ കാണാനാവും. റമദാനില്‍ കെ.എന്‍.എം വിതരണം ചെയ്യുന്ന ക്വിറ്റുകള്‍ പതിനായിരങ്ങള്‍ക്കാണ്‌ ആശ്വാസമേകുന്നത്‌. ദീര്‍ഘകാലം രോഗികളായി കഴിയേണ്ടിവരുന്നവര്‍ക്ക്‌ കെ.എന്‍.എം ഡയാലിസിസ്‌ സെന്റര്‍, പാലിയേറ്റീവ്‌ ക്ലിനിക്‌, ക്യാന്‍സര്‍ ഹോസ്‌പിറ്റല്‍ തുടങ്ങിയവ അഭയകേന്ദ്രങ്ങളാണ്‌. നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനവും തൊഴിലറിഞ്ഞിട്ടും സാമഗ്രികള്‍ വാങ്ങാന്‍ കഷ്‌ടപ്പെടുന്നവന്‌ തൊഴില്‍ സാമഗ്രികള്‍ നല്‍കുന്നതും മുജാഹിദ്‌ പ്രസ്ഥാനം ഏറ്റെടുക്കുന്നു. സകാത്ത്‌ എന്ന നിര്‍ബന്ധ കര്‍മ്മത്തോട്‌ വിമുഖത കാണിച്ച കേരള മുസ്‌ലിംകളെ ബോധവത്‌കരിച്ച മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കീഴിലുള്ള സകാത്ത്‌സെല്‍ ദുര്‍ബല വിഭാഗത്തിന്‌ എന്നും വലിയ തണലാണ്‌. ജീവി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി മുജാഹിദ്‌ പ്രസ്ഥാനം ദുരുപയോഗം ചെയ്യാറില്ല. ദൈവത്തിന്റെ പ്രതിഫലം മാത്രം മോഹിച്ചുകൊണ്ടാണ്‌ പ്രസ്ഥാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ചിലതെല്ലാം ഓര്‍മ്മിപ്പിച്ചത്‌ സുമനസ്സുകള്‍ക്ക്‌ പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമാണ്‌. മലയാളമണ്ണില്‍ പ്രകാശം പരത്തുന്ന ഈ മഹാപ്രസ്ഥാനത്തെ അടുത്തറിയാന്‍ ഏവര്‍ക്കും സാധിക്കട്ടെ.പുറത്തിറങ്ങി
താളുകളില്‍