Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar
Al manar
Al manar

06-12-2016
07 ربيع الأول 1438
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

ഒക്ടോബര് 2016 | പുസ്തകം 62 |ലക്കം 01

മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു.
`ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്‌ടിച്ചിരിക്കയാണ്‌' എന്നാണ്‌ വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യന്മാരോട്‌ പറയുന്നത്‌. അപ്പോള്‍ മനുഷ്യജീവന്‌ മറ്റേത്‌ ജീവിയെക്കാളും മേന്മയുണ്ട്‌. അത്‌ മനസ്സിലാക്കി വേണം മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കാന്‍. മനുഷ്യനുവേണ്ടി സൃഷ്‌ടിക്കപ്പെട്ട മറ്റെല്ലാ വസ്‌തുക്കളും സംരക്ഷിക്കല്‍ മനുഷ്യന്റെ കടമയാണ്‌. മറ്റു ജീവികള്‍ക്കും സംരക്ഷണം നല്‍കേണ്ടതുണ്ട്‌. മനുഷ്യന്‍ വളരെ ജാഗ്രതയോടെയാണ്‌ ജീവിക്കേണ്ടതെന്നര്‍ത്ഥം. `മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനത്താല്‍ കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു' എന്നും ക്വുര്‍ആന്‍ പറയുന്നുണ്ട്‌. ഭൂമിയില്‍ മനുഷ്യജീവിതത്തിനാവശ്യമായ സകലതും അല്ലാഹു പടച്ചുവെച്ചിട്ടുണ്ട്‌. അത്‌ കൈകാര്യം ചെയ്യുന്നിടത്താണ്‌ മനുഷ്യന്റെ ജാഗ്രത കാണേണ്ടത്‌. ഭൂമിയില്‍ മനുഷ്യര്‍ക്കുവേണ്ടി സൃഷ്‌ടിക്കപ്പെട്ട സകലവിഭവങ്ങളും അത്‌ കൈകാര്യം ചെയ്യേണ്ട വിധത്തില്‍ കൈകാര്യം ചെയ്‌താല്‍ മനുഷ്യര്‍ക്കിവിടെ സുഖമായി ജീവിക്കാം. അത്യാവശ്യമായി മനുഷ്യനടക്കം എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടുന്ന വായു എന്ന വസ്‌തുവിനെ അല്ലാഹു എങ്ങനെ വെച്ചിരിക്കുന്നുവെന്ന്‌ നോക്കിയാല്‍ അതിന്റെ സ്ഥിതി അത്യല്‍ഭുതകരം തന്നെയാണ്‌. വായുവിനെ ആര്‍ക്കും തടഞ്ഞുവെക്കാനാവുകയില്ല. ജീവികള്‍ക്കത്യാവശ്യമായ ജീവവായു ഉല്‍പാദിപ്പിക്കുന്നത്‌ സസ്യങ്ങളാണ്‌. സസ്യങ്ങള്‍ക്കാവശ്യമായ കാര്‍ബണ്‍ഡൈഓക്‌സൈഡ്‌ ഉല്‍പാദിപ്പിക്കുന്നത്‌ മനുഷ്യനടക്കമുള്ള ജീവജാലങ്ങളാണ്‌. വായുവിന്റെ ഉടമസ്ഥാവകാശം ഒരാള്‍ക്കും പ്രത്യേകമാക്കാനാവുകയില്ല. വായു ദുഷിപ്പിക്കാന്‍ മനുഷ്യനാകും. പക്ഷേ, ആ കഴ്‌ മനുഷ്യന്‍ ഉപയോഗപ്പെടുത്തരുത്‌. മനുഷ്യന്‍ അടുത്ത നൂറ്റാണ്ടുകകളില്‍ നേരിടാന്‍ പോകുന്ന വന്‍വിപത്ത്‌ വായുവിന്റെ ദുഷിപ്പാണെന്ന്‌ പറയാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. മനുഷ്യന്‍ അത്‌ പറയുന്നുവെന്നല്ലാതെ, അതിന്റെ പ്രതിവിധിയിലേര്‍പ്പെടാന്‍ അവന്‍ തയ്യാറാകുന്നില്ല. എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ. തന്നിഷ്‌ടത്തെ മാത്രം താലോലിക്കുന്ന തന്റെ കാര്യം മാത്രം പ്രധാനമായി കാണുന്ന മനുഷ്യന്റെ ദുഃസ്വഭാവം മൂലം എന്തെന്ത്‌ വിനകളാണ്‌ ഭൂമിയില്‍ സംഭവിക്കുന്നതെന്ന്‌ മനുഷ്യന്‍ ചിന്തിക്കുന്നതേയില്ല. തല്‍ക്കാലം കാര്യം നേടണം. തന്റെ കാര്യം എന്തായാലും സാധിക്കണം. മറ്റുള്ളവര്‍ക്ക്‌ എന്ത്‌ സംഭവിച്ചാലും തനിക്കൊന്നുമില്ല എന്ന ചിന്താഗതി, മനുഷ്യനെ അങ്ങേയറ്റത്തെ അധോഗതിയിലേക്കാണ്‌ നയിച്ചു കൊണ്ടിരിക്കുന്നത്‌. അതിഗുരുതരമായ പ്രതിസന്ധിയിലേക്കാണ്‌ മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യകുലത്തിനുവേണ്ടി സ്രഷ്‌ടാവ്‌ ഒരുക്കിവെച്ചിട്ടുള്ള പ്രകൃതിയെ മാറ്റി മറിക്കുന്നതും നാശപ്പെടുത്തുന്നതും മനുഷ്യന്‍ തന്നെയാണ്‌. പ്രകൃതിയിലെ മറ്റ്‌ വസ്‌തുക്കളോ, മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളോ ആ പ്രക്രിയയില്‍ പങ്കാളികളാകുന്നില്ലെന്നോര്‍ക്കണം. അതുകൊണ്ടുതന്നെയാണ്‌ ആ സത്യം വിശുദ്ധ ക്വുര്‍ആന്‍ എടുത്തുപറഞ്ഞതും. `മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനത്താല്‍ കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു' എന്ന്‌. മനുഷ്യന്‍ സഞ്ചരിക്കുന്ന വഴിയിലെ ഉപദ്രവങ്ങള്‍ നീക്കുന്നത്‌ പോലും ധര്‍മ്മമാണെന്ന്‌ പഠിപ്പിച്ചത്‌ പ്രവാചകവര്യനാണ്‌. ഇന്നത്തെ വഴിയുടെ അവസ്ഥയെന്താണ്‌. മൂക്ക്‌ പൊത്താതെ ഏത്‌ വഴിയിലൂടെ സഞ്ചരിക്കാനാകും! നായ്‌ക്കളെ പേടിക്കാതെ എവിടെ നടക്കാനാകും! മനുഷ്യന്റെ കാര്യം കഷ്‌ടം തന്നെ. പക്ഷേ ഇതിന്റെയെല്ലാം പ്രതിഫലം അവന്‍ തന്നെ അനുഭവിക്കേണ്ടിവരും. അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. വായു ദുഷിച്ചു. വെള്ളം ഇന്ന്‌ സുലഭമല്ല. മനുഷ്യന്‍ വളര്‍ത്തുന്ന, അവര്‍ക്ക്‌ ഉപകാരപ്പെടുത്താന്‍ പറ്റുന്ന പല ജന്തുക്കളും അവന്ന്‌ ഉപദ്രവകരമായിരിക്കുന്നു. ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ല. നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ പ്രായോഗികവുമല്ല. പ്രകൃതിയെ അതിന്റെ വഴിക്ക്‌ വിടുകയും അതിന്റെ പ്രായോഗികതയെ പരിപോഷിപ്പിക്കുകയും എല്ലാ കാര്യത്തിലും ദൈവഭയം ഉണ്ടായിരിക്കുകയും വേണം. എല്ലാറ്റിനും പോംവഴി കാണാനും ജീവിതം സുഖകരമാക്കാനും അതാണുപകരിക്കുക. തുടര്‍ന്ന്‌ വയിക്കുക
ഹജ്ജ്‌ എന്ന പുണ്യകര്‍മ്മം
അങ്ങനെ ഒരു ഹജ്ജ്‌ കാലം കൂടി കഴിഞ്ഞു. ലക്ഷക്കണക്കിന്‌ ഹാജ്ജുമാര്‍ പൈതല്‍ പ്രായക്കാരായി. സ്വീകാര്യമായ ഹജ്ജ്‌ നിര്‍വ്വഹിക്കുന്നവര്‍ കുഞ്ഞുപൈതങ്ങള്‍ പോലെ പാപരഹിതരായിരിക്കുമെന്നും `മക്വ്‌ബൂലായ ഹജ്ജിന്‌' സ്വര്‍ഗം തന്നെയാണ്‌ പ്രതിഫലമെന്നും തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്‌. ഹജ്ജ്‌ നിര്‍വ്വഹിച്ച എല്ലാവരും അങ്ങനെയായിത്തീരട്ടെ എന്ന്‌ നമുക്കാശംസിക്കാം. ഹജ്ജ്‌ നിര്‍വ്വഹിച്ചു മടങ്ങി വന്നവരില്‍ ഹജ്ജിന്ന്‌ പോകുന്നതിന്‌ മുമ്പത്തെ ദുഃസ്വഭാവങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍ അവന്റെ ഹജ്ജ്‌ `മക്വ്‌ബൂല്‍' അല്ല എന്ന്‌ വേണം കരുതാന്‍. ഹജ്ജ്‌ നിര്‍വ്വഹിച്ചു വന്നാല്‍ പേരിന്റെ ഒടുവില്‍ ഒരു ഹാജി കൂട്ടിക്കെട്ടാനാണെങ്കില്‍ അയാള്‍ക്ക്‌ അതുതന്നെയേ ഉണ്ടാകൂ. ഇവിടെ എല്ലാവരും `ഹാജി' എന്ന്‌ വിളിക്കും. പരലോകത്ത്‌ ചെന്നാല്‍ `മക്വ്‌ബൂലായ ഹജ്ജ്‌' നിര്‍വ്വഹിച്ചവര്‍ക്കൊപ്പം അദ്ദേഹത്തെ കാണാന്‍ പ്രയാസമായിരിക്കും. ഹജ്ജിന്ന്‌ മറ്റ്‌ ആരാധനകളെക്കാള്‍ വലിയ പ്രത്യേകതകളുണ്ട്‌. നമസ്‌കാരം (നിര്‍ബന്ധമായത്‌) ദിവസം അഞ്ചുനേരങ്ങളില്‍ നിര്‍വ്വഹിക്കണം. റമദാന്‍ വ്രതം കൊല്ലത്തില്‍ ഒരുമാസം നിര്‍വഹിക്കണം സകാത്ത്‌ അതിന്‌ അര്‍ഹത നേടുമ്പോഴൊക്കെ നല്‍കണം. ഹജ്ജ്‌ മാത്രം ജീവിതത്തില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി. അതോടെ അവന്‍ പാപരഹിതനും സ്വര്‍ഗാവകാശിയുമായിത്തീരും. അപ്പോള്‍ ആ കര്‍മ്മം എത്ര നിഷ്‌കളങ്കവും ഭക്തിപൂര്‍വ്വവുമായിരിക്കണമെന്നൂഹിക്കാം. ഇബ്‌റാഹീം നബി (അ)യുടെ ജീവിതവിശുദ്ധി ഹാജ്ജ്‌ നേടണം. ഇബ്‌റാഹീം നബി (അ)യുടെ ത്യാഗമനഃസ്ഥിതി ഹാജ്ജ്‌ ഉള്‍ക്കൊള്ളണം. ഹാജറിന്റെ ദൈവഭക്തി പോലെ ഹാജ്ജ്‌ കളങ്കരഹിത ഭക്തനാകണം. ബലി നടത്തുമ്പോള്‍, ഇബ്‌റാഹീം നബി (അ) ഇസ്‌മാഈല്‍ എന്ന തന്റെ പ്രിയമകനെ അറുക്കാന്‍ അവന്റെ കഴുത്തില്‍ കത്തിവെച്ചപ്പോഴത്തെ മനഃസ്ഥിതിയായിരിക്കണം ഹാജ്ജിനുണ്ടാകേണ്ടത്‌. ഇങ്ങനെ നിഷ്‌കളങ്ക മനസ്‌കനായി, ദൈവപ്രീതി മാത്രം കാംക്ഷിച്ചു നിര്‍വ്വഹിക്കുന്ന ഹജ്ജിന്നാണ്‌ `മക്വ്‌ബൂല്‍' എന്ന്‌ പറയുക. എല്ലാവരും അങ്ങനെത്തന്നെയാകണം. അതിന്‌ ശ്രമിക്കണം. ഹജ്ജ്‌ കഴിഞ്ഞു തിരിച്ചുവന്നാല്‍ `ഹാജി' എന്ന പേര്‍ ചേര്‍ക്കാതെ തന്നെ ഹാജ്ജ്‌ ആണെന്ന്‌ ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയണം. ഹാജ്ജിന്റെ ആരാധനാ നിഷ്‌ഠയില്‍ നിന്നും ജനങ്ങളുമായുള്ള പെരുമാറ്റത്തില്‍ നിന്നുമെല്ലാം അത്‌ മനസ്സിലാക്കാന്‍ കഴിയണം. ഞാന്‍ ഹജ്ജ്‌ കഴിഞ്ഞുവന്നവനാണ്‌. പാപരഹിതനാണ്‌. ഇതുവരെയുള്ള പാപങ്ങളെല്ലാം പൊറുക്കപ്പെട്ടു. ഇനി കുറച്ചൊക്കെ പാപമാകാം എന്ന ചിന്താഗതി ദുര്‍ഗതിയിലേക്കുള്ള ഗതിമാറ്റമാണ്‌. ഹജ്ജ്‌ എന്ന പുണ്യകര്‍മ്മം ജീവിതത്തിലൊരിക്കല്‍ നിര്‍വ്വഹിക്കാന്‍ കഴിയുക എന്നത്‌ അങ്ങേയറ്റത്തെ ദൈവികാനുഗ്രഹമാണ്‌. ആ അനുഗ്രഹം ലഭിക്കാനാഗ്രഹിക്കാത്ത വിശ്വാസിയുണ്ടാകില്ല. ആ അവസരം ലഭിച്ചിട്ടും അത്‌ വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്‌ വമ്പിച്ച നഷ്‌ടം തന്നെയാണ്‌. ഹജ്ജ്‌ നിര്‍വ്വഹിച്ചവരുടെയെല്ലാം ഹജ്ജ്‌ അല്ലാഹു സ്വീകരിച്ചു സ്വര്‍ഗം പ്രതിഫലം നല്‍കുമാറാകട്ടെ എന്നും, ഹജ്ജ്‌ നിര്‍വ്വഹിക്കാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അടുത്തവര്‍ഷങ്ങളില്‍ അത്‌ നിര്‍വ്വഹിക്കുവാന്‍ അല്ലാഹു തൗഫീക്വ്‌ നല്‍കട്ടെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന്‌ വയിക്കുക